Spread the love

കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ 10 ദിവസമായി അവൾ പൊരുതുകയായിരുന്നു. ബോധം നഷ്ടപ്പെട്ടിരുന്നില്ല. ജീവിതത്തിലേക്കു തിരിച്ചു വരുന്നുവെന്ന് ഓരോ നിമിഷവും പ്രതീക്ഷ നൽകി. ഇന്നലെ വൈകിട്ട് ആ പ്രതീക്ഷ അവസാനിച്ചു. പിതാവ് ക്രൂരമായി മർദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ കരുമാലൂർ മറിയപ്പടി ഐക്കരകുടി വീട്ടിൽ ഫാത്തിമയെ 29നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയിലെത്തുമ്പോൾ ഛർദിച്ച് അവശയായിരുന്നു. വിഷം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം താളം തെറ്റി. വിഷം ഇറങ്ങിപ്പോയ അന്നനാളത്തിലുൾപ്പെടെ വ്രണമായി. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി തിങ്കളാഴ്ച മുതൽ ഡയാലിസിസ് ആരംഭിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ല. നില ഗുരുതരമായതോടെ ഉച്ചയോടെ വെന്റിലേറ്ററിലേക്കു മാറ്റി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിച്ചതോടെ 10 ദിവസം നീണ്ടു നിന്ന ആ പോരാട്ടം അവസാനിച്ചു. വൈകിട്ട് 4.48നായിരുന്നു മരണം.

Leave a Reply