രാമനാട്ടുകര : ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ നിന്നു ഡിസി കേബിളുകളും ചെമ്പു ദണ്ഡുകളും മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ. വയനാട് നെയ്കുപ്പ കോളനി സുരേഷ്(42), മുക്കം മണാശ്ശേരി മലാംകുന്നത്ത് ഹരീഷ്(22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 5നും ഈമാസം ഒന്നിനു പുലർച്ചെയുമാണ് ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിൻവശത്തെ പൂട്ട് പൊട്ടിച്ച് അകത്തു കയറി ബാറ്ററിയിൽ ഘടിപ്പിച്ച 250 കിലോയോളം ഡിസി പവർ കേബിളുകൾ മോഷ്ടിച്ചത്. ബിഎസ്എൻഎൽ സബ് ഡിവിഷനൽ എൻജിനീയറുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ കുറിച്ചു സൂചന ലഭിച്ചു. തുടർന്നു ഫറോക്ക് ഇൻസ്പെക്ടർ പി.എസ്.ഹരീഷും സിറ്റി സ്പെഷൻ ആക്‌ഷൻ ഗ്രൂപ്പും ചേർന്നു നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെ സംഘത്തിൽപെട്ട മറ്റുള്ളവരെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. പിടിയിലായവർക്ക് ബത്തേരി, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ സമാന കേസുണ്ട്. എസ്ഐ പി.അനൂപ്, എഎസ്ഐ പി.രഞ്ജിത്ത്, സിപിഒമാരായ കെ.ടി.ശ്യാംരാജ്, പി.പ്രജിത്ത്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.സി.സുജിത്ത്, ആക്‌ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, സഹീർ പെരുമണ്ണ, സുമേഷ് ആറോളി, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.