Spread the love

ലോകമെമ്പാടുമുളള ബുദ്ധമത വിശ്വാസികൾ ശ്രീബുദ്ധന്‍റെ ജൻമദിനമായാണ് ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നത്. ബുദ്ധ ദേവന്‍റെ നിർവ്വാണ പ്രാപ്തിയുടെ വാർഷികമായും ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായി ചില ബുദ്ധമത വിശ്വാസികൾ ഗൗതമ ബുദ്ധനെ കണക്കാക്കുന്നു.

ശ്രീബുദ്ധൻ ജനിച്ചതും ബോധോദയം സിദ്ധിച്ചതും, ലുംബിനിയിലും കപിലവസ്തുവിലുമായി തന്റെ ആത്മീയ തീർത്ഥയാത്ര ആരംഭിച്ചതും ഒടുവിൽ പരിനിർവാണമടഞ്ഞതും ഒരേ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതു കൊണ്ട് തന്നെ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ ദിനമാണ് ബുദ്ധപൂർണ്ണിമ.

ഹൈന്ദവ പഞ്ചാംഗ പ്രകാരം വൈശാഖ മാസത്തിലെ പൗർണ്ണമി ദിവസമാണ് വൈശാഖ പൗർണ്ണമി അഥവാ ബുദ്ധപൂർണ്ണിമയായി ആഘോഷിക്കുന്നത്.
ഗയയിലെ മഹാബോധി വൃക്ഷചുവട്ടിൽ ശ്രീബുദ്ധന് ബോധോദയമുണ്ടായത് ബുദ്ധപൂർണ്ണിമ ദിനത്തിലാണന്നാണ് വിശ്വാസം.
വൈശാഖ മാസത്തിലെ വെളുത്തവാവ്, വിശാഖ നക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ഈ ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയതായി വിശ്വസിക്കുന്നു.

ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍ നിന്ന് ലോകത്തിന്‍റെ
ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്.
ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു.

ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍ നിന്നും ജനമധ്യത്തിലെക്ക് നയിച്ചത്.

ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു. ആറു വര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.

ബുദ്ധപൂർണ്ണിമയുടെ വിശുദ്ധ ദിനത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണവും ധനവും ദാനം ചെയ്യുന്നത് പുണ്യമായി വിശ്വാസികൾ കണക്കാക്കുന്നു. ബുദ്ധ പൂർണ്ണിമ ദിനത്തിലെ ഗംഗാസ്നാനം ഭഗവതിയുടെ അനുഗ്രഹം കൊണ്ടു വരുമെന്നാണ് വിശ്വാസം.

സാരാനാഥിലെ ആഘോഷം

ബുദ്ധന്റെ ജന്മസ്ഥലമായ സാരാനാഥിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ബുദ്ധപൂർണിമ ദിനത്തിൽ സംഗമിക്കുന്നു. ബോധ് ഗയയിൽ വെച്ചാണ് ശ്രീബുദ്ധന് ബോധോദയം സിദ്ധിച്ചതെങ്കിലും തന്റെ പിൻഗാമികളെ അദ്ദേഹം കണ്ടെത്തിയതും ആദ്യത്തെ ധർമ്മ പ്രബോധനം നടത്തിയതും സാരാനാഥിലാണ്. അതു കൊണ്ട് തന്നെ ഈ ദിവസം സാരാനാഥിലെ ബുദ്ധ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ബുദ്ധ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയുമാണ് ബുദ്ധപൗർണ്ണമി ആഘോഷിക്കുന്നത്. വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇവിടുത്തെ ആഘോഷങ്ങളിലും പ്രഭാഷണങ്ങളിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ബുദ്ധ സന്യാസിമാരും വിശ്വാസികളും ഒരുമിക്കുന്ന ആഘോഷം കൂടിയാണിത്.ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധ അനുയായികളുടെ പ്രതിനിധികൾ ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേരുക പതിവാണ്.

മലയാളികൾക്ക് തീരെ അപരിചിതമായ ആഘോഷങ്ങളിലൊന്ന് ബുദ്ധപൂർണ്ണിമ.
ബുദ്ധപൂർണ്ണിമ അതിന്റെ എല്ലാ ഭംഗിയിലും കാണണമെങ്കിൽ സാരാനാഥിലെത്തണം.

പൗർണ്ണമി നാളിൽ നടക്കുന്ന ബുദ്ധപൂർണ്ണിമയിൽ പങ്കെടുക്കാനായി അന്നേദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും വിശ്വാസികളും സാരാനാഥിലെത്തും. ബോധിമരച്ചുവട്ടിൽ വിളക്കുകൾ തെളിയിച്ചും പ്രഭാഷണങ്ങൾ കേട്ടും ഇവിടെ എത്തുന്നവർക്ക് വ്യത്യസ്തമാ ഒരുനുഭവമാണ് ഈ ആഘോഷം നല്കുക.

ഉത്തർ പ്രദേശിൽ വാരണാസിയ്ക്ക് സമീപം ഗംഗയും ഗോമതി നദീയും സംഗമിക്കുന്ന സ്ഥാനത്താണ് സാരാനാഥ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും അതിന്റെ ഇന്നും നിലനിൽക്കുന്ന ചരിത്ര സ്മാരകങ്ങൾ കണ്ടറിയുവാനുമായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.

ബുദ്ധന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു. സാരാനാഥ് കഴിഞ്ഞാൽ വാരണാസി, ലുംബിനി, ബോധ്ഗയ, കുശിനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷം.
ഇന്ത്യയെ കൂടാതെ ശ്രീലങ്ക(വേസക് എന്ന പേരിൽ ), തായ്ലെന്‍റ്, നേപ്പാൾ, ഉത്തരകൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ബുദ്ധപൂർണ്ണിമ ആഘോഷമുണ്ട്.

ശ്രീലങ്കയിൽ വെസ്‌ക എന്നപേരിലാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്. ശ്രീലങ്കക്കാർക്ക് ഇത് സിംഹള സാമ്രാജ്യം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആഘോഷം കൂടിയാണ്.

*ആഘോഷങ്ങളുടെ ഭാഗമായി,വിശ്വാസികൾ ശുഭ്രവസ്ത്രധാരികളായി ഒന്നിച്ച് കൂടി, പൂജകളും പ്രാർത്ഥനകളും നടത്തുകയും, ഭക്ഷണവും വസ്ത്രങ്ങളും ദാനമായി നൽകുകയും ചെയ്യുന്നു. കൂടാതെ
ബുദ്ധവിഹാരങ്ങൾ കൊടികളും പൂക്കളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു.

Leave a Reply