Spread the love

ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില്‍ മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കുന്ന തെക്കന്‍ കേരളത്തിന് ആശ്വാസം നല്‍കുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍. ഇന്ന് അര്‍ധരാത്രിയ്ക്കോ അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയ്ക്കോ ആയി ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

Leave a Reply