തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.ഇതേത്തുടർന്ന് അപകട സാധ്യതയുള്ള മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടണം. ജില്ലയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജില്ലയുടെ മലയോര മേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളിൽ പോകരുതെന്ന് കളക്ടർ അഭ്യർഥിച്ചു. കാറ്റിനുള്ള സാധ്യത മുൻനിർത്തി വൈദ്യുതി വിതരണ ശൃംഘലയിൽ പ്രത്യേക ശ്രദ്ധ നൽകാൻ കെ.എസ്.ഇ.ബിക്കു നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ എല്ലാ സർക്കിളുകളിലും ദ്രുതകർമ സേന രൂപീകരിച്ചു. വാർത്താ വിനിമയ സംവിധാനങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പൂർത്തിയാക്കാൻ ബി.എസ്.എൻ.എല്ലിനും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.