
കൊച്ചി : ഞായറാഴ്ച കളമശേരിയിൽ സ്ഫോടനമുണ്ടായ യഹോവയുടെ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ പങ്കെടുക്കുകയായിരുന്ന പച്ചാളം സ്വദേശിനിയുടെ വീട്ടിൽ ആഭരണങ്ങൾ മോഷ്ടിച്ച പ്രതിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പച്ചാളം സ്വദേശിനി തങ്കം ജോണിന്റെ വീട്ടിൽ നിന്ന് 27.5 പവൻ സ്വർണാഭരണങ്ങളും വജ്ര ആഭരണങ്ങളും മോഷ്ടിച്ചതിന് എളംകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസിനെയാണ് (36) പിടികൂടിയത്.
ഇയാൾ 29നു രാവിലെ 8.30നു വീട്ടിൽ അതിക്രമിച്ചു കയറി അലമാരകൾ കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. നോർത്ത് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 24 മണിക്കൂറിനകമാണു പ്രതിയെ പിടികൂടിയത്. എസ്ഐമാരായ ടി.എസ്. രതീഷ്, ആഷിഖ്, എയിൻ ബാബു, സീനിയർ സിപിഒമാരായ സുനിൽ കുമാർ, വിപിൻ, റിനു, വാസൻ, ഗിരീഷ്, പ്രഭ ലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.