വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവർച്ച നടക്കുന്നതായുള്ള പരാതി ഉയർന്നതോടെ നടപടിയുമായി അധികൃതർ. ദുരന്ത ബാധിത പ്രദേശങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്നും സന്നദ്ധപ്രവർത്തകരെന്നും ചമഞ്ഞാണ് സംഘം കവർച്ച നടത്തുന്നത്. പലവീടുകളിൽ നിന്നും സ്വർണവും പണവും നഷ്ടമായിട്ടുണ്ട്. മൃതദേഹം ഉണ്ടോയെന്ന് പരിശോധിക്കാനായി ഒരു തകർന്ന വീടിലേക്ക് കയറി തിരിച്ചുവന്നപ്പോൾ രക്ഷാപ്രവർത്തകർക്ക് ആയുധങ്ങൾ നഷ്ടമായ ദുരനുഭവങ്ങൾ വരെയുണ്ട്.
അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടിയിരുന്നില്ല. ‘ഗൾഫ് നാടുകളിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന പലരും ഈ മേഖലയിൽ ഉണ്ടായിരുന്നു. അവരുടെയെല്ലാം വീടുകളിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് ദുരന്തം സംഭവിച്ചതറിഞ്ഞ് വീടുകൾ വിട്ട് പലരും ഓടിയത്. ജീവൻ മാത്രം കൈയ്യിൽ പിടിച്ചാണ് മിക്കവരും വീടുകളിൽ നിന്ന് ക്യാംപുകളിലേക്ക് മാറിയത്’- പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആൾത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ ദിവസം രാത്രി വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തെ വീടിന്റെ വാതിൽ തുറക്കാൻ ശ്രമം നടത്തിയിരുന്നു. വീട്ടുകാർ വന്നു തുറന്നപ്പോൾ അപരിചിതരായ രണ്ടു പേരെ കണ്ടു. എന്താണു മാറിത്താമസിക്കാത്തതെന്നു ചോദിക്കാൻ വില്ലേജ് ഓഫിസിൽനിന്നു വന്നതാണെന്നു പറഞ്ഞ് അവർ തടിതപ്പി. ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണു ചൂരൽമല ബെയ്‌ലി പാലത്തിനു സമീപമുള്ള ഇബ്രാഹിമിന്റെ വീടു കുത്തിത്തുറന്നു മോഷണം നടന്നത്. രേഖകളും കുറച്ചു പണവും നഷ്ടപ്പെട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദുരന്തസ്ഥലത്തുനിന്നു ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ഏൽപിക്കണമെന്നു റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. സന്നദ്ധസേവകർക്കു റജിസ്ട്രേഷനും നിർബന്ധമാക്കി. ഇന്നു രാവിലെ 6.30 മുതലാണു ചൂരൽമല കൺട്രോൾ റൂമിനു സമീപം റജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്.
സംഭവത്തെ തുടർന്നു പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല.