പിറവം :ചെട്ടിക്കണ്ടം–ഉൗരമന റോഡിൽ മുക്കിരിക്കൽ ജംക്‌ഷനു സമീപം പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം. ജില്ലാ ബാങ്ക് മുൻ ഡിജിഎം കാർത്തുള്ളിൽ കെ.ജെ. ജോസിന്റെ വീട്ടിലാണു ചൊവ്വ രാത്രി 11.20നു മോഷണം നടന്നത്. സ്വർണ കമ്മലുകൾ, 60 യൂറോ എന്നിവയും വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷ്ടാവ് കൊണ്ടുപോയി. ജോസും കുടുംബവും ഒരു മാസമായി സ്വീഡനിൽ മകളുടെ വീട്ടിലാണ്. മോഷണ ദൃശ്യങ്ങൾ തത്സമയം ജോസിന്റെ മൊബൈൽ ഫോണിൽ ലഭിച്ചെങ്കിലും 2 മണിക്കൂറിനു ശേഷമാണു ശ്രദ്ധയിൽ പെട്ടത്.
ഇദ്ദേഹം നാട്ടിൽ അറിയിച്ചതനുസിച്ച് ബന്ധുക്കൾ എത്തിയപ്പോഴേക്കു രക്ഷപ്പെട്ടു. ഒരാൾ മാത്രമാണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്. മുൻപരിചയമുള്ള ആളാണെന്നു ദൃശ്യങ്ങളിൽ നിന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കയ്യുറയും മാസ്കും ഹെൽമറ്റും ധരിച്ചാണ് എത്തിയത്. ടൂൾ ബോക്സും കരുതിയിട്ടുണ്ട്. സിസിടിവി ഉണ്ടെന്നു ഉറപ്പായതോടെ ദൃശ്യങ്ങളിൽ നിന്നു അകന്നു നിൽക്കാൻ ശ്രമിക്കുന്നതായും കാണാം.
ആദ്യം വീടിനു പിൻഭാഗം തുറക്കുന്നതിനാണു ശ്രമിച്ചതെങ്കിലും ഇരുമ്പു ഗ്രില്ല് ഉള്ളതിനാൽ വിജയിച്ചില്ല. പിന്നീടു മുൻഭാഗത്തെ പ്രധാന വാതിൽ തകർത്താണ് ഉള്ളിൽ എത്തിയത്.വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.അടുത്തയിടെ രാമമംഗലം കോരങ്കടവിൽ ചാപ്പലിന്റെ ഭണ്ഡാരം കുത്തിത്തുറന്നു പണം കവർന്നു. ഇവിടെയും വിദഗ്ദ്ധർ പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.