ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ. സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു. ബസ് ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു.