
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ നിരക്ക് കൂട്ടാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. രണ്ടര കിലോ മീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാര്‍ശയാണ് കമ്മീഷന്‍ മുന്നോട്ട് വെച്ചിരുന്നത്. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചാര്‍ജ് വര്‍ധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെച്ചത്. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച.