Spread the love

കഴിവും സൗന്ദര്യവും നിലപാടും ഒരേസമയം ഉള്ള നടിയെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനയത്രിയാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും മലയാളികൾയിൽ ഏറെ പ്രശസ്തയാണ് താരം. മൂന്നുവർഷം മുൻപ് നടന്ന ചില കാര്യങ്ങൾ മനസ്സിൽ വെച്ച് അഹാന മനഃപൂർവം സിനിമ പ്രമോഷന് സഹകരിക്കുന്നില്ലെന്ന ആരോപണം ഉയർത്തി അന്തരിച്ച സംവിധായകന്റെ ഭാര്യ ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംവിധായകന്റെ ഭാര്യയുടെ പരാമർശം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതിൽ വിശദീകരണവുമായി അഹാനയും രംഗത്തെത്തിയിരുന്നു.

താനും അന്തരിച്ച സംവിധായകനും തനിക്കെതിരെ ആരോപണം ഉന്നയിച്ച നൈനയുടെ ഭർത്താവുമായ ആളും തമ്മിൽ ചെറിയ വിഷയങ്ങൾ അല്ല ഉണ്ടായിട്ടുള്ളത് എന്നും ഷൂട്ടിംഗ് സമയത്ത് കൂട്ടുകൂടി മദ്യപിക്കുന്നത് ഉൾപ്പെടെ തീർത്തും അൺപ്രൊഫഷണൽ ആയ സമീപനങ്ങൾ ആണ് സംവിധായകൻ എന്ന നിലയിൽ വിവാദ സെറ്റിൽ നടന്നിരുന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച നൈന താനൊരു ഡ്രഗ് അഡിക്ട്ആണെന്ന് തന്റെ അമ്മയോട് പറഞ്ഞിരുന്നുവെന്നുമാണ് ആഹാന വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ നടിയെ പിന്താങ്ങി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകൻ ആലപ്പി അഷ്റഫും.

ഷൂട്ടിംഗ് സെറ്റിലെ കൂട്ടുകാർക്കൊപ്പം ഉള്ള സംവിധായകന്റെ മദ്യപാനം ചോദ്യം ചെയ്തതോടെ അഹാന അദ്ദേഹത്തിന്റെ കടുത്ത ശത്രുവായി മാറിയെന്നും ഇത്രയധികം മോശം അനുഭവങ്ങൾ ഉണ്ടായതിനുശേഷം ഏത് ആത്മാഭിമാനമുള്ള സ്ത്രീയും എടുക്കുന്ന നിലപാട് മാത്രമേ വിഷയത്തിൽ അഹാനയും സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്.

സംവിധായകന് സിനിമ രംഗത്ത് പരിജ്ഞാനം വളരെ കുറവായിരുന്നു. ഇത് മനസ്സിലാക്കിയ അഹാനയും കൂട്ടരും പരിചയ സമ്പന്നരായ അസോസിയേറ്റ് ഡയറക്ടറെയും പ്രൊഡക്ഷൻ മാനേജരെയും വയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ സംവിധായകന്റെയും കൂട്ടുകാരുടെയും കാരവാനിലുള്ള മദ്യപാനത്തെ കൂടി ചോദ്യം ചെയ്തപ്പോൾ അഹാന ഇവരുടെ കടുത്ത ശത്രുവായും മാറി.

പിന്നീട് ഈ കലിപ്പ് തീർത്തത് അഹാനയുടെ ഭാഗത്തിലെ ഡബ്ബിങ് മറ്റൊരാളെ വച്ച് തീർത്തായിരുന്നുവെന്നും എന്നാൽ ഇത് കുളമായതോടെ വീണ്ടും താരത്തെ സമീപിക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിങ് ചെയ്ത വിവരവും സംവിധായകൻ ലൊക്കേഷനിൽ മദ്യപിക്കുന്ന വിവരവും ഡബ്ബിങ് ആവശ്യം പറഞ്ഞ് വിളിച്ച സംവിധായകന്റെ ഭാര്യ നൈനയോട് അഹാനയുടെ അമ്മ ചോദിച്ചപ്പോൾ നിങ്ങളുടെ മകൾ ഒരു ഡ്രഗ് അഡിക്ട് ആണെന്നായിരുന്നു സംവിധായകന്റെ ഭാര്യയുടെ മറുപടി. ഇത് കേട്ട് സിന്ധു കൃഷ്ണകുമാർ ഫോൺ കട്ട് ചെയ്തതോടെ വിഷയത്തിൽ തിരശ്ശീല വീഴുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു

പിന്നീട് സംവിധായകന്റെ മരണത്തിന് ശേഷം പടത്തിന്റെ പ്രമോഷന് വിളിച്ചപ്പോൾ അവർ ചെന്നില്ല. അപ്പോൾ സംവിധായകന്റെ ഭാര്യ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചു. അതിനുമറുപടിയായി അഹാന വിശദമായ ഒരു വിവരണം പുറത്തുവിട്ടു. അഹാനയുടെ ആ പോസ്റ്റ് വായിക്കുന്നവർക്ക് തോന്നുന്ന ഒരേയൊരു ഉത്തരമേയുള്ളൂ, ഒരു പെണ്ണിന്റെ ആത്മാഭിമാനത്തിന് മുന്നിൽ എന്ത് പ്രമോഷൻ. ഇങ്ങനെയൊരു സാഹചര്യത്തിൽ ആത്മാഭിമാനവും നിലപാടുമുള്ളവർ എടുക്കേണ്ട ധീരമായ നിലപാടാണ് അഹാന സ്വീകരിച്ചതെന്ന് നിസംശയം പറയാം.

അതേസമയം താൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ അഹാന ഉന്നയിച്ച പല ആരോപണങ്ങളും ബോധ്യപ്പെട്ടെന്നും അതോടൊപ്പം ഞെട്ടിക്കുന്ന ചില കാര്യങ്ങൾ താരം മറച്ചുവെച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഒരുപക്ഷേ മരിച്ച സംവിധായകനോടുള്ള സഹാനുഭൂതി കൊണ്ടാകാം താരം ഇങ്ങനെ ചെയ്തതെന്നും എന്നാൽ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാക്കിയാൽ അഹാന അതും വെളിപ്പെടുത്തിയേക്കും എന്നും ആലപ്പി അഷ്റഫ് പറയുന്നു.

Leave a Reply