തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്. ഇപ്പോഴിതാ സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്‍ഡുമായി എത്തിയിരിക്കുകയാണിവര്‍.
സിയാഹ് ബൈ അഹാദിഷിക (SIAH by Ahadishika) എന്നാണ് ഇവരുടെ ക്ലോത്തിങ് ബ്രാന്‍ഡിന്‍റെ പേര്. ഇന്നലെയാണ് ഇക്കാര്യം ഇവര്‍ യൂട്യൂബിലൂടെ അറിയിച്ചത്. ബ്രാന്‍ഡിന്‍റെ ഒഫീഷ്യല്‍ വൈബ്സൈറ്റും പരസ്യപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്വയം തെരഞ്ഞെടുത്ത സാരികളും മറ്റുമാണ് തങ്ങളുടെ ബ്രാന്റില്‍ വില്‍ക്കപ്പെടുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ വൻ വരവേൽപ്പാണ് മലയാളികൾ നൽകിയതെങ്കിലും ഇപ്പോൾ വൻ വിമർശനമാണ് സംരഭത്തിന് മലയാളികൾക്ക് ലഭിക്കുന്നത്. കാരണം മറ്റൊന്നുമല്ല വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന സാരികളുടെ വിലകണ്ടാണ്. സാധാരണക്കാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിലയാണിട്ടിരിക്കുന്നത്, ഏറ്റവും കുറഞ്ഞ വില 6,499 രൂപയാണ് കൊടുത്തിരിക്കുന്നത്.
‘നിങ്ങള്‍ ഒരുപാട് ചിന്തിച്ചായിരിക്കും ബിസിനസിലേക്ക് ഇറങ്ങിയത്. നല്ല ഭംഗിയുള്ള ഡിസൈനുകളുമാണ്. പക്ഷെ അവയുടെ വില നോക്കൂ. നിങ്ങള്‍ പണക്കാര്‍ക്ക് വേണ്ടിയാണ് ഇതൊരുക്കിയതെന്ന് തോന്നുന്നു. മിഡില്‍ ക്ലാസുകാരാണ് നിങ്ങള്‍ക്ക് വ്യൂസും ലൈക്കും ഷെയറും തരുന്നത്. എന്നിട്ടും നിങ്ങളുടെ പ്രൊഡക്ടുകള്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുന്നതാണ്” എന്നാണ് ഒരു കമന്റ്.
‘സാരിയെല്ലാം പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുന്ന വില ആണ്. 13 കെയും 14 കെയും ഒക്കെയാണ്. സാധാരണക്കാര്‍ ഇവരുടെ വീഡിയോ കണ്ട് സഹായിക്കും, ഇത്രയും നാള്‍ പിന്തുണച്ച സാധാരണക്കാര്‍ക്ക് എന്ത് ഗുണമാണുള്ളത്?, സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത വിലയാണിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില 6499 രൂപയാണ്. ഈ ബ്രാന്റില്‍ നിന്നും എങ്ങനെ സാരി വാങ്ങിക്കും? ഇതൊക്കെ പണക്കാര്‍ക്ക് പറ്റും’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍.







