എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ വീണ്ടും അഭിപ്രായ പ്രകടനവുമായി സംവിധായകന്‍ മേജര്‍ രവി. സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ചിത്രത്തില്‍ ദേശ വിരുദ്ധത ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു. ചിത്രത്തില്‍ സത്യാവസ്ഥ മറച്ചുപിടിച്ചിരിക്കുകയാണ്. വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞത് ഒരു അമ്മയുടെ വികാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്‍റെ സിനിമയില്‍ രാജ്യസ്നേഹം മാത്രമേയുള്ളൂ. ദേശവിരുദ്ധത ഇല്ല, മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
എമ്പുരാന്‍ സിനിമയെത്തുടര്‍ന്നുള്ള വിവാദത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന ആദ്യ പ്രതികരണങ്ങളിലൊന്നായിരുന്നു മേജര്‍ രവിയുടേത്. റിലീസിന് മുന്‍പ് ചിത്രം മോഹന്‍ലാല്‍ കണ്ടിരുന്നില്ലെന്നും വിവാദത്തില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. ഇത് ഒരു പാഠമായിട്ടുണ്ടെന്നും ഇനി മുതല്‍ തന്‍റെ സിനിമകള്‍ റിലീസിന് മുന്‍പ് അദ്ദേഹം കാണുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. എന്നാല്‍ മേജര്‍ രവിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായി മല്ലിക സുകുമാരന്‍ രംഗത്തെത്തി.
ചിത്രം ആദ്യ ഷോ കണ്ടതിന് ശേഷം തന്നോട് നല്ല അഭിപ്രായം പറഞ്ഞ് പോയ ആളാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് മല്ലിക സുകുമാരന്‍ കുറ്റപ്പെടുത്തിയിരുന്നു. അത് വേണ്ടായിരുന്നു മേജർ രവീ എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?, മല്ലിക സുകുമാരന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സും മേജര്‍ രവിക്കെതിരെ രംഗത്തെത്തിയിരുന്നു