2022 അവസാനത്തോടെ 20 മുതൽ 25 വരെ ഇന്ത്യൻ നഗരങ്ങളിൽ 5G കണക്റ്റിവിറ്റി ലഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങൾക്ക് 5G കണക്ഷൻ ലഭിക്കുമെന്നാണ് സൂചന. ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ജാംനഗർ, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത എന്നിവ ഉൾപ്പെടുന്ന 13 നഗരങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ 5G കണക്റ്റിവിറ്റി സാങ്കേതികവിദ്യ ലഭിക്കുമെന്ന് പറയപ്പെടുന്നു.ഇന്ത്യയുടെ ഇന്റർനെറ്റ് ഡാറ്റ നിരക്ക് ഏകദേശം $2 (ഏകദേശം 155 രൂപ) ആണെന്നും ആഗോള ശരാശരി നിരക്ക് 25 ഡോളറാണെന്നും ആണ് നിരീക്ഷണം. ഇന്ത്യയുടെ ശരാശരി ഡാറ്റ ഉപഭോഗം പ്രതിമാസം 18 ജിബി ആണെന്നും ഇത് ആഗോള ശരാശരിയായ 11 ജിബിയേക്കാൾ കൂടുതലാണെന്നും പരിപാടിയിൽ കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള മൊബൈൽ സ്പീഡ് പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 125-ലും ആഗോള ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് പ്രകടന സൂചികയിൽ രാജ്യം 79-ാം സ്ഥാനത്തുമാണെന്നാണ് ഡാറ്റ കാണിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് “കൂടുതൽ കർശനമായ” മാനദണ്ഡങ്ങൾ ഉള്ളതിനാൽ 5G ടവറുകളിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ് വികിരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഐടി മന്ത്രി ഉറപ്പുനൽകി.