ബെംഗളൂരൂ∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫിസുകൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി.ബെംഗളൂരുവിലെ ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകൾ പുതുക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകൾ ഇത്തരത്തിൽ പൂട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയിൽ ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഇത്.
വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിങ് കുറയുന്നതും ഓൺലൈൻ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാൻഡും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 75 ശതമാനം ജീവനക്കാർക്കും ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ ഒരു വിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. അടിസ്ഥാന ശമ്പള പരിധിയിൽ വരുന്ന 25 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഫെബ്രുവരി മാസത്തെ മുഴുവൻ ശമ്പളവും നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുള്ളത്.