Spread the love

കൊച്ചി ∙ നഗരത്തിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള പൊതു സ്ഥലങ്ങളുടെ പരിപാലന ചുമതല സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റിനെ (സി ഹെഡ്) ചുമതലപ്പെടുത്തും. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ തൈക്കൂടം കുന്നറ പാർക്കിന്റെ ദൈനംദിന പരിപാലന ചുമതല സി ഹെഡിനെ ഏൽപ്പിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. നിലവിൽ സുഭാഷ് പാർക്ക് ഉൾപ്പെടെ 5 പാർക്കുകളുടെ പരിപാലന ചുമതല സി ഹെഡിനെ ഏൽപിച്ചിട്ടുണ്ട്. കുന്നറ പാർക്കിന്റെ ഒരു വർഷത്തെ പരിപാലന ചുമതല 13.94 ലക്ഷം രൂപയ്ക്കു സ്വകാര്യ കരാറുകാരനെ ചുമതലപ്പെടുത്തുന്ന കാര്യമാണു കൗൺസിൽ യോഗം പരിഗണിച്ചത്.

പരിപാലനം ഏഴു മാസത്തിലേറെയായി മുടങ്ങി കിടക്കുന്നതിൽ കുന്നറ പാർക്ക് മോശമായി വരുകയാണെന്നും എത്രയും വേഗം പരിപാലന ചുമതല ഏൽപിക്കണമെന്നും മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സുനിത ഡിക്സൺ അറിയിച്ചു. എന്നാൽ സ്വകാര്യ കരാറുകാരനു പകരം കോർപറേഷന്റെ സ്വന്തം സ്ഥാപനമായ സി ഹെഡിനെ പരിപാലന ചുമതല ഏൽപിക്കുന്നതാണ് ഉചിതമെന്നു മേയർ എം. അനിൽകുമാർ നിലപാടെടുത്തു. നിലവിൽ സി ഹെഡിനെ ഏൽപിച്ച സുഭാഷ് പാർക്ക് ഉൾപ്പെടെയുള്ള പാർക്കുകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ട്. അതുവഴി പ്രതിമാസ ചെലവിൽ മുൻകാലങ്ങളെക്കാൾ കുറവുണ്ടായിട്ടുണ്ടെന്നും മേയർ അറിയിച്ചു.

സി ഹെഡിനെ ഏൽപിച്ചപ്പോൾ സുഭാഷ് പാർക്കിന്റെ പരിപാലന ചെലവ് പകുതിയായി . മിച്ചം വരുന്ന പണമുപയോഗിച്ചാണു ആർട്സ് സ്പേസ് കൊച്ചിയുടെ (ആസ്ക്) നേതൃത്വത്തിൽ കലാപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതെന്നും മേയർ അറിയിച്ചു. മേയറുടെ നിർദേശത്തോടു രാഷ്ട്രീയ വ്യത്യാസമില്ലാതെ കൗൺസിലർമാർ യോജിച്ചതോടെ കുന്നറ പാർക്കിന്റെ പരിപാലന ചുമതല സി ഹെഡിനെ ഏല്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. സുഭാഷ് പാർക്ക്, ഫോർട്ട് കൊച്ചിയിലെ പള്ളത്തുരാമൻ ഗ്രൗണ്ട്, നെഹ്റു പാർക്ക്, പനമ്പിള്ളി നഗർ കോയിത്തറ പാർക്ക്, വടുതല മൈത്രി നഗർ പാർക്ക് എന്നിവയുടെ പരിപാലന ചുമതല കോർപറേഷൻ സി ഹെഡിനെയാണ് ഏൽപിച്ചിട്ടുള്ളത്.

Leave a Reply