സംസ്ഥാന മന്ത്രി സഭാ യോഗം ഇന്നു ചേരും. അരി വില വര്‍ധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുളള നടപടികളും ഇന്ന് ചര്‍ച്ചയാകും. കുറഞ്ഞ വിലക്ക് അരി നല്‍കുന്ന ഭക്ഷ്യ വകുപ്പിന്റെ അരി വണ്ടികളും ഇന്നു മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. സംസ്ഥാനത്തെ പൊതുവിപണിയില്‍ അരിവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഒരു കിലോ അരിയുടെ വിലയില്‍ 20 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ വില 60 ലെത്തി. 32രൂപയായിരുന്ന ഉണ്ടമട്ടയുടെ വില 43ലെത്തി. കുറുവ അരിയുടെ വില 32 ല്‍ നിന്ന് 40ലും എത്തിയിരിക്കുകയാണ്. ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി പ്രത്യേകമായി 10.90 രൂപ നിരക്കില്‍ നല്‍കും കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും.ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു.