മലപ്പുറം: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസില്‍ യുവാവ് മലപ്പുറം പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുളി സ്വദേശി കരുവത്തില്‍ സലീമി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പ്രകോപനപരമായ രീതിയില്‍ ഫേസ് ബുക്കിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ് സലീമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.റഫീഖിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐമാരായ പി.സുനീഷ് കുമാര്‍, ഇ.എ.അരവിന്ദന്‍, എസ്.സി.പി.ഒ അശോകന്‍, സി.പി.ഒമാരായ പി.അരുണ്‍, ഷമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.