ചെന്നൈ: ‘അമരന്‍’ സിനിമയില്‍ തന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരേ ചെന്നൈയിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയില്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ഡിസംബര്‍ 20-നകം വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
മൊബൈല്‍ നമ്പര്‍ പുറത്തായത് വിദ്യാര്‍ഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകും. അതിനാല്‍, നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെ നിരാകരിക്കാനാവില്ല. എങ്ങനെ നഷ്ടപരിഹാരം നല്‍കാനാകുമെന്നും കോടതി ചോദിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ട് സ്വദേശിയായ വിദ്യാര്‍ഥി വാഗീശ്വരനാണ് തന്റെ ഫോണ്‍നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതിനെതിരേ കോടതിയെ സമീപിച്ചത്. അമരന്റെ ഒ.ടി.ടി. റിലീസ് തടയുക, നഷ്ടപരിഹാരമായി 1.10 കോടി നല്‍കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
സിനിമയില്‍ തന്റെ മൊബൈല്‍ നമ്പര്‍ കാട്ടിയതോടെ വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് വിളിക്കുന്നതെന്നും വിശ്രമിക്കാനോ പഠിക്കാനോ കഴിയുന്നില്ലെന്നും വാഗീശ്വരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് ഇത്രയേറെ മാനസികസംഘര്‍ഷമുണ്ടാക്കിയതിനു കാരണക്കാരായ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തെറ്റുതിരുത്താന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.