തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരെ പിഴയിലൂടെ പിന്തിരിപ്പിക്കാൻ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച 726 അത്യാധുനിക ക്യാമറകൾ 20 മുതൽ പ്രവർത്തിക്കും. ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗം പദ്ധതിക്ക് പ്രവർത്തനാനുമതി നൽകിയേക്കും. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തത് കണ്ടെത്തി നേരിട്ടു പിഴചുമത്താൻ കഴിയുന്ന 675 നിർമിതബുദ്ധി ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്.
ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കുക എന്നിവയും ക്യാമറയിൽ കുടുങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളിലേക്ക് ഓൺലൈനിൽ പിഴ രേഖപ്പെടുത്തും. വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. 4 ജി സിമ്മിലാണ് ഡേറ്റാ കൈമാറ്റം. കണക്ടിവിറ്റി എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും. ചിത്രങ്ങളും പകർത്തും.
ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾറൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്. ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടുക എളുപ്പമാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് അറിയിച്ചിരുന്നു.
അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് ക്യാമറകൾ പുനർവിന്യസിക്കാം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ഈ ത്രീഡി ഡോപ്ലർ ക്യാമറകൾക്കു കഴിയും.