‘എമ്പുരാന്‍’ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. എന്നാല്‍ എമ്പുരാനെതിരെ ബിജെപി ഒരു ക്യാംപെയ്‌നും നടത്തുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍.
സിനിമ, സിനിമയുടെ വഴിക്ക് പോകും. സിനിമാസ്വാദകര്‍ എന്ന നിലയില്‍ പലരും അഭിപ്രായം പറയും. പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. പിന്നില്‍ പുറത്തു നിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സുധീര്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.അതേസമയം, സിനിമ കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണ് എന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥിന്റെ പ്രതികരണം.പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമര്‍ശനമുണ്ടെന്ന അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാന്‍ പ്രദര്‍ശനം തുടരുന്നത്.