ബ്ലാക്ക് ഫംഗസ് രോഗം കൂടുന്ന ഈ സമയത്ത് കൊറോണ വൈറസിനെ പേടിച്ചല്ല ഫംഗസുകളെ തുരത്താൻ വേണ്ടിയാണ് ഇപ്പോൾ പലരും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത്. സാനിറ്റൈസറുകൾ തുണിയിൽ മുക്കി വസ്ത്രങ്ങളിലെ കരിമ്പനിലും വാതിലിലും ചുവരിലും പറ്റിയിരിക്കുന്ന പൂപ്പലിലും തുടയ്ക്കുന്നവർ ഏറെ. എന്നാൽ മനസ്സിലാക്കുക എല്ലാ സാനിറ്റൈസറുകളും പൂപ്പലിനെ നശിപ്പിക്കില്ല.. സാനിറ്റൈസറിൽ ഹൈഡ്രജൻ പെറോക്‌സൈഡ് എന്ന ഒരു രാസഘടകം ഉണ്ടെങ്കിൽ മാത്രമേ അവയ്ക്കു പൂപ്പലുകളെ തുരത്താനാകൂ.
ഒരു ഹാൻഡ് സാനിറ്റൈസർ സാധാരണ മൂന്ന് ഘടകങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്. ആൽക്കഹോൾ, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്. സാനിറ്റൈസർ കൈകളിൽ പുരട്ടുമ്പോൾ അതിലെ ആൽക്കഹോൾ ചർമ്മത്തിന് മുകളിലെ നേർത്ത എണ്ണമയം നീക്കം ചെയ്യുകയും അതിൽ പറ്റിയിരിക്കുന്ന വൈറസ് അതോടുകൂടി നശിച്ചു പോകുകയും ചെയ്യും. സാനിറ്റൈസറിലെ ഹൈഡ്രജൻ പെറോക്‌സൈഡ് കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്റ്റീരിയൽ-ഫംഗൽ സ്‌പോറുകളെ നശിപ്പിച്ചു കളയുന്നു. ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത സാനിറ്റൈസർ കൈകളിൽ പുരട്ടുമ്പോൾ ചെറുതായി ഒരു പതയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുമുണ്ടാകും.
എന്നാൽ കൊറോണ വൈറസിനെ ചെറുക്കാൻ വേണ്ടി മാത്രം ഹാൻഡ് സാനിറ്റൈസറുകൾ ഇറക്കി തുടങ്ങിയപ്പോൾ പല കമ്പനികളും സാനിറ്റൈസറിൽ നിന്നും ഹൈഡ്രജൻ പെറോക്സൈഡ് ഒഴിവാക്കി. ഇപ്പോൾ കിട്ടുന്ന പല ഹാൻഡ് സാനിറ്റൈസറുകളിലും ആൽക്കഹോളും ഗ്ലിസറിനും ഒരു അരോമാറ്റിക്ക് ഏജന്റും മാത്രമാണ് ഉള്ളത്. അതിനാൽ നിങ്ങൾ വാങ്ങുന്ന സാനിറ്റൈസറിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കൂടിയുണ്ട് എന്ന് വായിച്ച് ഉറപ്പ് വരുത്തുക.
നിങ്ങളുടെ നിത്യോപയോഗ സാധനങ്ങളിലെ പൂപ്പൽ ( ഫംഗസ് ) കളയണമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കേണ്ട കാര്യമില്ല. 3% വീര്യമുള്ള ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ഉപയോഗിച്ച് തുടച്ചാൽ മതിയാകും. എന്നാൽ വസ്ത്രങ്ങൾ പോലെ സോഫ്റ്റ് ആയ വസ്തുക്കളിലും പ്രതലങ്ങളിലും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചാൽ ബ്ലീച്ചിങ് എഫക്ട് കൊണ്ട് അവയുടെ നിറം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വിനാഗിരി, സോഡാപ്പൊടി എന്നിവ വെള്ളത്തിൽ ചേർത്ത് വൃത്തിയാക്കിയാൽ ഏതുതരം പൂപ്പലുകളെയും നീക്കം ചെയ്യാൻ സാധിക്കും.
Dr Rajesh Kumar