12 ഭാഷകൾ അനായാസം കൈകാര്യം ചെയ്യും;റെക്കോർഡ് സ്വന്തമാക്കി ദുബായിലെ 5 വയസ്സുകാരൻ മലയാളി ബാലൻ.
ദുബായ് : അക്ഷരങ്ങൾ വായിച്ചും എഴുതിയും നാലര വയസുകാരനായ മലയാളി ബാലൻ പ്രവേശിച്ചത് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ. ഒന്നോ രണ്ടോ ഭാഷകളിലെ അക്ഷരമാലകളല്ല, 12 ലോക ഭാഷകളാണ് മുഹമ്മദ് ഇഹാൻ മിറാജ് എന്ന ഈ കൊച്ചുമിടുക്കൻ അക്ഷരസ്ഫുടതയോടെ വായിക്കുകയും എഴുതുകയും ചെയ്യുന്നത്.
ഒരേസമയം ഏറ്റവും കൂടുതൽ ഭാഷകളിലെ അക്ഷരമാലകൾ മനപ്പാഠമാക്കിയ കഴിവ് അംഗീകരിച്ച ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് കഴിഞ്ഞ ദിവസം മെഡലും സർടിഫിക്കറ്റും അയച്ചുകൊടുത്തു.
ഇംഗ്ലീഷ്, റഷ്യൻ, ജർമൻ, ഫ്രഞ്ച്, ഹീബ്രു, അറബിക്, സ്പാനിഷ്, സെർബിയൻ, കോപ്റ്റിക്, ഗ്രീക്ക്, ഉറുദു, മലയാളം ഭാഷകളാണ് ഷാർജ ഡിപിഎസിലെ ഈ എൽകെജി വിദ്യാർഥി മനപ്പാഠമാക്കിയത്.തൃശൂർ വടക്കാഞ്ചേരി സ്വദേശി മിറാജിന്റെയും കൊല്ലം പത്തനാപുരം സ്വദേശിനി ഫാത്തിമയുടെയും മകൻ മുഹമ്മദ് ഇഹാൻ മിറാജ് രക്ഷിതാക്കളുടെ പ്രേരണയില്ലാതെയാണ് അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങിയത്. മറ്റു കുട്ടികൾ യു ട്യൂബിൽ ഗെയിമുകളിൽ മുഴുകുമ്പോൾ ഈ കുട്ടി അക്ഷരങ്ങൾ പരതി നടക്കുകയായിരുന്നു. തന്റെ രണ്ടാം വയസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല സ്വായത്തമാക്കി. തുടർന്ന് വ്യത്യസ്ത അക്ഷരങ്ങളിലൂടെ ഇഹാന്റെ കണ്ണുകൾ പാഞ്ഞുനടക്കുകയായിരുന്നു.
ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന്റെ വിദഗ്ധസമിതി ഉച്ഛാരണവും മറ്റും കൃത്യമായി പരിശോധിച്ച ശേഷമായിരുന്നു അംഗീകാരം നൽകിയത്.
ഈ മാസം 13ന് അഞ്ച് വയസ്സ് പൂർത്തിയാകുന്ന മിടുക്കൻ ഇപ്പോൾ ഇരുപതോളം ഭാഷകളിലെ അക്ഷരമാലകൾ കൈകാര്യം ചെയ്യുന്നുണ്ട്. അര്‍മേനിയൻ, നോർവിയൻ, കസഖ്സ്ഥാൻ, ചൈനീസ്, ജപാനീസ്, ബർമീസ്, പേർഷ്യൻ, സിർലി (അസർബൈജാൻ) ഭാഷകളുടെ അക്ഷരങ്ങളാണ് കൂട്ടിച്ചേർത്തത്.
മൂന്നു വയസ്സു മുതൽ ലാപ് ടോപ് ഉപയോഗിക്കാൻ പഠിച്ച കുട്ടി പക്ഷേ, സ്വയം തോന്നാതെ അത് പറയാനും എഴുതാനും തയാറല്ല. ഫാത്തിമയുടെ മാതാവ് സജി ഷാഹുലായിരുന്നു ഇഹാന്റെ പ്രയത്നത്തിന് കൂട്ടിരുന്നത്. ഇപ്പോൾ കൂടുതൽ ഭാഷകളിലെ അക്ഷരങ്ങൾ നുകരാനുള്ള പ്രയാണത്തിലാണ്. ഇതിന് പിന്തുണയുമായി ആറാം ക്ലാസ് വിദ്യാർഥിനിയായ സഹോദരി ഇഷാ മിറാജും മാതാപിതാക്കളും ഒപ്പമുണ്ട്.