എല്ലാ വീട്ടിലും സുലഫമായി ലഭിക്കുന്ന ഒന്നാണ് തൈര്. ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന തൈര് അമിതമായാലും പണിയാണ്. ആയുർവേദ പ്രകാരം തൈര് ഉച്ചഭക്ഷണത്തിനൊപ്പം മാത്രമേ ഉപയോഗിക്കാവൂ. ഇത് മഴക്കാലത്ത് കഴിച്ചാൽ ചിലരിൽ ഉദരരോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാത്രികാലങ്ങളിലും തൈര് കഴിക്കുന്നത് നന്നല്ല. അതേപോലെ തന്നെ തിളപ്പിച്ചോ ചൂടാക്കിയോ തൈര് കഴിക്കരുത്. ചൂടാക്കുമ്പോൾ തൈരിലടങ്ങിയിരിക്കുന്ന ബാക്ടീരിയകളുടെ നല്ല ഗുണം നഷ്ടപ്പെടും. ഇത് പൊതുവേ പറയുന്ന കാര്യങ്ങളാണ്. എന്നാൽ ഇനി പറയുന്ന രോഗമുള്ളവർ തൈരിനോട് നോ പറയുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
- അസിഡിറ്റി: അസിഡിറ്റി പ്രശ്നമുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. അഥവാ കഴിക്കുന്നുവെങ്കിൽ രാത്രി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വയറിളക്കവും വയറുവേദനയും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
- ആസ്തമ രോഗികൾ : ശ്വസന പ്രശ്നങ്ങൾ വർദ്ധിക്കാൻ തൈര് കാരണമാകും. തൈരിന്റെ പുളിപ്പും മധുരവും കഫം വർദ്ധിക്കാൻ കാരണമാകുന്നു.
- ആർത്രൈറ്റിസ്: സന്ധികളിൽ നീർക്കെട്ടിന് കാരണമാകുന്ന അവസ്ഥയാണ് സന്ധിവാതമെന്ന ആർത്രൈറ്റിസ്. തൈര് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും സന്ധിവാത രോഗികൾ തൈര് കഴിച്ചാൽ വേദന കൂടാൻ സാധ്യതയുണ്ട്.