Spread the love

പൊതുവേ മാംസാഹാര പ്രിയരായ മലയാളികൾക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ്. അതുകൊണ്ട് തന്നെ ദിവസേന കോഴിയിറച്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. പച്ചക്കറികളെക്കാൾ പ്രോട്ടീനും, മറ്റ് പോഷകങ്ങളും ചിക്കനിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് അതിവേഗം പോഷകങ്ങളുടെ അഭാവം പരിഹരിക്കാൻ സഹായിക്കും. എന്നാൽ കോഴിയിറച്ചി അമിതമായാൽ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.

പണ്ട് കാലങ്ങളിൽ കറി വയ്‌ക്കാനായി വീടുകളിൽ നിന്നും വാങ്ങുന്ന നാടൻ കോഴികളൊയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ, ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ബ്രോയിലർ കോഴിയാണ് എല്ലാവർക്കും പ്രിയം. ബ്രോയിലർ കോഴികൾ വേഗത്തിൽ വളരുന്നതിനും തൂക്കം കൂടുന്നതിനും ഹോർമോണുകൾ കുത്തിവയ്‌ക്കാറുണ്ട് എന്ന കാര്യം ബഹുഭൂരിഭാഗം പേർക്കും അറിയാവുന്നതാണ്. അതിനാൽ ഇത്തരം ഇറച്ചി അമിതമായി കഴിച്ചാൽ നമ്മുടെ ശരീരത്തിലെ ഹോർമോണിലും വ്യതിയാനം ഉണ്ടാകും. ഇത് പൊണ്ണത്തടി, ആർത്തവ പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്ക് കാരണം ആയേക്കാം.

ദൈനംദിന കലോറി ഉപഭോഗത്തിൽ ഒരാൾക്ക് 10 മുതൽ 35 ശതമാനം വരെ പ്രോട്ടീൻ ഉണ്ടായിരിക്കണം. കോഴിയിറച്ചിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി ചിക്കൻ കഴിക്കുന്നത് ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിക്കാൻ കാരണമാകും. ഇത് ശരീര ഭാരം വർദ്ധിക്കുന്നതിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും വഴിവയ്‌ക്കും.

ചിക്കൻ ദിവസേന കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയ്‌ക്ക് കാരണമാകും.

ശരീഭാരം അടിക്കടി വർദ്ധിക്കുന്നതും, കുറയുന്നതും ശരീരത്തിന് ദോഷമാണ്. അതിനാൽ ശരീരഭാരം മതിയായ രീതിയിൽ നിലനിർത്തണം. കോഴിയറിച്ച് ധാരാളമായി കഴിക്കുന്നവരിൽ ഇതിന് കഴിയാതെ വരും. പെട്ടെന്ന് ശരീര ഭാരം ഉയരാൻ ഇത് കഴിക്കുന്നത് കാരണമാകും. കറിവെച്ച് കഴിക്കുന്നതിനേക്കാൾ വറത്തും, പൊരിച്ചും ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗവും. ഇതും ശരീരത്തിന് ദോഷമാണ്.

അടുത്തിടെയായി ചിക്കനിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റവും വേഗത്തിലേൽക്കാൻ സാദ്ധ്യതയുള്ള ഭക്ഷ്യവിഭവമാണ് ചിക്കൻ എന്ന് മനസ്സിലാക്കാം. ചിക്കൻ ശരിയായ പാകം ആക്കി വേണം കഴിക്കാൻ. അല്ലാത്ത പക്ഷം ഇതിലെ സാൽമൊണെല്ല എന്ന ദോഷകരമായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുകയും, ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. പഴയ ചിക്കൻ കഴിക്കുന്നതും, ഇറച്ചി വീണ്ടും വീണ്ടും ചൂടാക്കുന്നതും ശരീരത്തിന് ഏറെ അപകടമാണ്.

ബ്രോയിലർ കോഴികളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആന്റിബയോട്ടിക്കുകൾ കുത്തിവയ്‌ക്കാറുണ്ട്. ഇത് മനുഷ്യശരീരത്തിൽ എത്തുമ്പോൾ നമ്മുടെ പ്രതിരോധ ശേഷിയെ ബാധിക്കും.

Leave a Reply