Spread the love

വെറും മൂന്ന് ദിവസത്തേക്ക് സ്മാർട്ട് ഫോൺ ഉപയോഗം ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം. ജർമ്മനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 18 നും 30 നും ഇടയിൽ പ്രായമുള്ള 25 യുവാക്കളിലാണ് പഠനം നടത്തിയത്.

യുവാക്കളോട് ഫോൺ ഉപയോഗം 72 മണിക്കൂർ സമയം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗവേഷകർ ഇവർക്ക് അത്യാവശ്യ ആശയവിനിമയവും ജോലികളും മാത്രം അനുവദിച്ചു. ഇവരിൽ ഫോൺ “ഡയറ്റിന്” മുമ്പും ശേഷവുംഎംആർഐ സ്കാനുകളും മനഃശാസ്ത്ര പരിശോധനകളും നടത്തി. ഫോൺ ഉപയോഗം കുറയ്‌ക്കുന്നത് അവരുടെ തലച്ചോറിന്റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കണ്ടതായി ഫലങ്ങൾ സൂചിപ്പിച്ചു.

മസ്തിഷ്ക പ്രവർത്തനങ്ങളിലെ മാറ്റങ്ങളും ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റവും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി ഗവേഷകർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.സ്മാർട്ട്‌ഫോൺ ഉപയോഗത്തിനായുള്ള ആസക്തിയും സാമൂഹിക ഇടപെടലിനുള്ള ആസക്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഹ്രസ്വകാല സ്മാർട്ട്‌ഫോൺ നിയന്ത്രണം പോലും തലച്ചോറിന്റെ പ്രവർത്തനത്തെ മാറ്റിമറിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ ന്യൂറൽ പാറ്റേണുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് പഠനം വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു.

Leave a Reply