നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ എന്ന രോഗം സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോള്‍ ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണയുടെ നേതൃത്വത്തിൽ പരിശോധിച്ച് രോഗം സ്ഥിതീകരിച്ചത്. കിഴക്കേകോട്ട പ്രദേശത്തെ ഒരു നായയ്ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.ഈ നായയെ ചികിത്സയ്ക്ക് കോര്‍പ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളില്‍ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്.
നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം.