
പുൽപള്ളി∙ മുള്ളൻകൊല്ലിയിൽ പിടിയിലായ കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. പല്ലു നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് തൃശൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഡബ്ലുഡബ്ല്യുഎൽ 127 എന്ന കടുവയാണ് തിങ്കളാഴ്ച രാവിലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയിലാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.
തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങി ഇര പിടിച്ചതോടെയാണ് കടുവയെ കൂടുവച്ച് പിടിക്കാൻ തീരുമാനിച്ചത്. കർണാടക വനത്തിലും ഈ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് പല്ല് പോയതെന്നാണ് പ്രാഥമിക നിഗമനം. കാട്ടിൽ ഇരതേടാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കാൻ ആരംഭിച്ചത്. ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് തൃശൂരിലേക്ക് മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.