മഞ്ചേരി: വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് കേസുകൾ പിടികൂടുമ്പോൾ സാക്ഷി പറയാൻ ആളെ കിട്ടുന്നില്ലെന്നു പൊലീസ് താലൂക്ക് സഭയിൽ പറഞ്ഞു. എംഡിഎംഎ പോലുള്ള ലഹരിമരുന്ന് പിടികൂടുമ്പോൾ സാക്ഷികളായി 2 പേരുടെ മൊഴി വേണം. മനഃപൂർവം ആളുകൾ ഒഴിഞ്ഞുമാറുന്നത് നിയമ നടപടികൾക്ക് ബുദ്ധിമുട്ടാകുന്നു.
എടവണ്ണ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് സഭയിൽ ആവശ്യമുയർന്നു. 40 പേർ ജോലി ചെയ്യുന്ന കെട്ടിടം ചോർന്നൊലിക്കുന്നു. കെട്ടിടം നിർമിക്കാൻ സ്ഥലം കിട്ടാത്തതാണു പ്രശ്നം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷിതാക്കൾ ഇരുചക്ര വാഹനങ്ങൾ നൽകുന്നത് നിരുത്സാഹപ്പെടുത്തണം. രക്ഷിതാക്കൾക്കെതിരെ കേസ് എടുത്തിട്ടും വാഹനം നൽകുന്നത് ആവർത്തിക്കുന്നു.
മഞ്ചേരി ചോലക്കൽ എലമ്പ്ര റോഡിൽ ഇറച്ചി കൊണ്ടുപോകുന്ന വാഹനങ്ങൾ കഴുകുന്ന സ്ഥാപനം പരാതിയെ തുടർന്ന് നഗരസഭ അടച്ചുപൂട്ടിയെങ്കിലും പിന്നെയും പ്രവർത്തിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലും മറ്റും പേപ്പർ പ്ലേറ്റ് നിരോധിച്ചെങ്കിലും ചില ഓഡിറ്റോറിയങ്ങളിൽ അവ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു.