
കേരള ടൂറിസം വകുപ്പിന്റെ നൂതന പദ്ധതിയായ കാരവാന്‍ കേരളയുടെ ഭാഗമായി ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കുമുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കാരവന്‍ കേരളയില്‍ ടൂറിസ്റ്റ് കാരവനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ നല്‍കുന്ന നിക്ഷേപ ധനസഹായത്തിനും കേരള ടൂറിസം എന്ന വെബ്പേജില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതിയനുസരിച്ച് ആദ്യ 100 കാരവനുകള്‍ക്ക് ഏഴരലക്ഷം രൂപ വീതമോ / ആകെ ചെലവിന്‍റെ 15 ശതമാനമോ, അതില്‍ ഏതാണോ കുറവ് ആ തുക ധനസഹായമായി ലഭിക്കും. ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ അഞ്ചു കാരവനുകള്‍ വരെ വാങ്ങുന്നതിനുള്ള നിക്ഷേപ ധനസഹായം മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ ഒക്ടോബറില്‍ പുറത്തിറക്കിയിരുന്നു. വാഹന നിര്‍മ്മാതാക്കളായ ഇസൂസു, ടാറ്റ മോട്ടോര്‍സ്, ഫോഴ്സ് മോട്ടോര്‍സ് എന്നിവ ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവനുകള്‍ പദ്ധതിക്കായി നിര്‍മ്മിക്കുന്നുണ്ട്. പ്രമുഖ ഗ്രൂപ്പായ സിജിഎച്ച് എര്‍ത്ത് സംസ്ഥാനത്ത് പത്ത് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലയിലോ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കാവുന്നതാണ്. അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്യാവുന്ന രീതിയില്‍ കുറഞ്ഞത് അന്‍പത് സെന്‍റ് ഭൂമി എങ്കിലും ഒരു പാര്‍ക്കിന് വേണം. അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും.