സംസ്ഥാനത്ത് ഒക്ടോബറിലുണ്ടായ മഴക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കു കാര്‍ഡുകള്‍ നല്‍കുന്നതിനു നടപടി സ്വീകരിച്ചതായി ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കോട്ടയത്തെ കൂട്ടിക്കല്‍, മണിമല പ്രദേശങ്ങളില്‍ കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് (നവംബര്‍ 13) മന്ത്രി നേരിട്ടെത്തി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മഴക്കെടുതിയില്‍ മാവേലി സ്റ്റോറുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂട്ടിക്കല്‍ മാവേലി സ്റ്റോര്‍ പൂര്‍ണമായും മണിമല മാവേലി സ്റ്റോര്‍ ഭാഗികമായും തകര്‍ന്നു. ഈ പ്രദേശങ്ങളില്‍ അവശ്യ സാധന ദൗര്‍ലഭ്യം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മാവേലി മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കി. കൂട്ടിക്കല്‍ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിര്‍മാണം നടക്കുകയാണ്. നവംബര്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.