ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്ന ഹാജിമാര്‍ സൗദി റിയാല്‍ കൈവശം കരുതണമെന്ന് മുന്നറിയിപ്പ്. സൗദി റിയാല്‍ കൈവശമില്ലാതെ തീര്‍ഥാടനത്തിനെത്തിയ ഹാജിമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മദീനയിലുള്ള സംസ്ഥാന ഹജ്ജ് കോഓഡിനേറ്റര്‍ ജാഫര്‍ മാലിക്ക് ഐഎഎസ് ആണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ചുരുങ്ങിയത് 2000 സൗദി ദിര്‍ഹമെങ്കിലും നാട്ടില്‍ നിന്നു വരുമ്പോള്‍ തന്നെ കൈയില്‍ കരുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരോടു പണം വാങ്ങിയ ശേഷം ഇത് സൗദി റിയാലാക്കി മാറ്റി തീര്‍ഥാടന വേളയില്‍ കൈമാറുകയായിരുന്നു ചെയ്തിരുന്നത്. ഈ രീതി ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തത്. തീര്‍ഥാടകര്‍ സ്വയം രൂപ നല്‍കി റിയാല്‍ ആക്കി മാറ്റി വാങ്ങാനാണ് നിര്‍ദേശം.
ബാഗേജുകള്‍ സോര്‍ട്ട് ചെയ്തു തീര്‍ഥാടകരുടെ പക്കല്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടാവുന്നതു കണക്കിലെടുത്ത് മൂന്ന് ദിവസത്തേക്കുള്ള വസ്ത്രങ്ങളും മരുന്നും ഹാന്‍ഡ് ബാഗിലുണ്ടാവണമെന്നും മൊബൈല്‍ ഫോണ്‍ കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിപ്‌സ് പോലുള്ള ലഘുഭക്ഷണങ്ങളും ഹാന്‍ഡ് ബാഗില്‍ കരുതണമെന്നും ഇത് ബാഗേജ് കിട്ടുന്നതിലുള്ള കാലതാമസമുണ്ടാവുന്നതു മൂലമുള്ള പ്രതിസന്ധിയെ തരണം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
ജൂണ്‍ 4 മുതലാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സംഘം തീര്‍ഥാടനത്തിനായി പോയിത്തുടങ്ങുക. കണ്ണൂര്‍, കരിപ്പൂര്‍, കൊച്ചി എന്നിങ്ങനെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേരളത്തിലുള്ളത്.