
കാലടി∙ എംസി റോഡിൽ മറ്റൂരിൽ 2 കാറുകളും ഒരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. 10 പേർക്കു പരുക്കേറ്റു. മലയാറ്റൂർ സ്വദേശികളായ ജിനോ (25), കറത്തര അഖിൽ (26), തിരുവനന്തപുരം സ്വദേശികളായ പുത്തൻപള്ളി പ്രേമചന്ദ്രൻ (62), വടക്കേവീട് കേശവൻ കുട്ടി (64),വലിയതുറ ലില്ലി വില്ല ക്രിസ്റ്റഫർ (55), തമിഴ്നാട് സ്വദേശികളായ ഡേവിഡ് (22), ആർത്തി (21) കലയരശി (21), അനിത (21), നാദിയ (21) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ ജിനോ അത്യാഹിത വിഭാഗത്തിലാണ്.
കോളജ് ജംക്‌ഷനു സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം നടന്നത്. 2 കാറുകൾ നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു.അങ്കമാലി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാർ അപകടത്തിൽ പെട്ടപ്പോൾ അതിനു പിന്നിൽ ഇടിച്ചു . ഒരു കാറിൽ കോയമ്പത്തൂരിൽ നിന്നു വിനോദ യാത്ര പോകുന്ന സംഘവും മറ്റേ കാറിൽ തിരുവനന്തപുരം ജിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.