തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്തു. 20ൽപ്പരം കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തല്ലിത്തകർത്തത്. മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് വിവരം. ഇന്ന് രാവിലെ കാറുകൾ പാർക്ക് ചെയ്തവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിലായുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഷണശ്രമമാകാനാണ് സാധ്യത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് നീക്കം. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
പാർക്കിങ് ഏരിയയിൽ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാൽ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്ന് ഇയാൾ പരിസരത്ത് നിന്ന് അൽപനേരം മാറിനിന്നിരുന്നു. ഈസമയത്താണ് ആക്രമണം നടന്നത്. കാറുടമകൾ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.