ന്യൂഡൽഹി∙ വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. ശിക്ഷവിധി സ്റ്റേ ചെയ്തതിന്റെ കാരണം ശരിയായില്ലെന്ന് നിരീക്ഷണം. ആറാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി. ഹൈക്കോടതി തീരുമാനം വരുന്നതു വരെ ഫൈസൽ എം പി സ്ഥാനത്തു തുടരും. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിയാണ് ഇന്നു പരിഗണിച്ചത്.
കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്തുവർഷത്തെ തടവുശിക്ഷയും സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ, ഫൈസൽ എംപിയാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണമാണ് ഫൈസലിന് എം.പി. സ്ഥാനം നിലനിർത്താനായത്.വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കഴിഞ്ഞ ജനുവരി പതിമൂന്നിനായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിചാരണക്കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിനകമായിരുന്നു ഇത്. വിധി ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തു. അയോഗ്യത പിന്‍വലിക്കാന്‍ ലോക്സഭ സെക്രട്ടേറിയറ്റ് രണ്ട് മാസത്തിലേറെ സമയമെടുത്തതിനെതിരെ എംപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.