കട്ടപ്പന ∙ അധ്യാപികയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കാഞ്ചിയാർ പള്ളിക്കവലയിലെ നഴ്സറി സ്‌കൂൾ അധ്യാപിക അനുമോളെ (വൽസമ്മ-27) ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29) കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചെന്ന കേസിലാണു കുറ്റപത്രം സമർപ്പിച്ചത്.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ 80 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി എസ്എച്ച്ഒ വിശാൽ ജോൺസനാണു കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മാർച്ച് 17ന് ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയതു സാമ്പത്തിക വിഷയവും കുടുംബപ്രശ്നങ്ങളും മൂലമുണ്ടായ തർക്കത്തെ തുടർന്നാണെന്നാണു പൊലീസ് പറയുന്നത്.
തുടർന്നു മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഭാര്യയെ കാണാനില്ലെന്നു കാട്ടി 19നു പൊലീസിൽ പരാതി നൽകി. 21നു വൈകിട്ടോടെ, പൂട്ടിക്കിടന്ന വീട് അനുമോളുടെ ബന്ധുക്കൾ തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടത്. 26നു പ്രതിയെ പൊലീസ് പിടികൂടി