Spread the love
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസ്; 4 കോൺഗ്രസുകാർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റ് ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ പ്രകാരമാണ് ഇവർ നാല് പേർക്കുമെതിരെ കേസെടുത്തത്.ഓഫീസിലെ ചുവരിൽ തൂക്കിയിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്.. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നു.സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

Leave a Reply