Spread the love

എംപി, എംഎൽഎ ഉൾപ്പെട്ട കേസുകൾക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല ; സുപ്രിം കോടതി.


ന്യൂഡൽഹി : എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾക്കു മുൻഗണനയോ പ്രത്യേക പരിഗണനകളോ പാടില്ലെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇവർക്കെതിരായ കേസുകളിൽ വിചാരണ വേഗം പൂർത്തിയാക്കണമെന്ന മുൻ ഉത്തരവിൽ വ്യക്തത വരുത്തിയാണു പുതിയ നിർദേശം. അപ്പീൽ ഹർജികളുമായി എത്തുമ്പോൾ അവ നേരത്തേ പരിഗണിക്കാനുള്ള വളഞ്ഞ വഴിയായി തങ്ങളുടെ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെ‍ഞ്ച് ഹൈക്കോടതികളെ ഓർമിപ്പിച്ചു.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ കെട്ടിക്കിടക്കുകയാണെന്നും വേഗം തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.
കൊലപാതകക്കേസിൽ 2 വർഷമായി ജയിലിലുള്ള മുൻ എംപിക്കായി ഹാജരായ മുകുൾ റോഹത്ഗിയാണ് വിഷയം കോടതിയിൽ ഉന്നയിച്ചത്. എംപിയായിരുന്നുവെന്ന പരിഗണനയിൽ ഹർജി നേരത്തേ പരിഗണിക്കണമെന്ന ആവശ്യമാണ് റോഹത്ഗി ഉന്നയിച്ചത്.എന്നാൽ, സുപ്രീം കോടതി വിധിയുടെ പേരിൽ ഹർജി നേരത്തേ പരിഗണിക്കണമെന്ന ആവശ്യത്തെ അഭിഭാഷക കാമിനി ജയ്സ്വാൾ എതിർത്തു. തുടർന്നാണ് മുൻഗണന നൽകുന്ന പ്രശ്നമില്ലെന്നു കോടതി വ്യക്തമാക്കിയത്. എംഎൽഎമാർ ഉൾപ്പെടുന്ന കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികൾ പ്രത്യേക ബെഞ്ചുകൾ സ്ഥാപിക്കണമെന്നു കഴിഞ്ഞവർഷം സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കൂടാതെ,രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതെന്ന പേരിൽ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുന്ന രീതിയോടും സുപ്രീം കോടതി വിയോജിച്ചു. എംപിമാർക്കും എംഎൽഎമാർക്കും (മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ) എതിരായ കേസുകൾ പിൻവലിക്കും മുൻപ് ഹൈക്കോടതികൾ മുൻകൂർ അനുമതി തേടണമെന്ന നിർദേശം ആവർത്തിച്ചു. കെട്ടിച്ചമച്ച കേസുകളാണെങ്കിൽ പിൻവലിക്കുന്നതിന് എതിരല്ല. എന്നാൽ, അതുമാത്രമാണെന്ന കാരണം പറഞ്ഞ് കേസുകൾ പിൻവലിക്കാനാകില്ല. അങ്ങനെ വന്നാൽ, ഒരു മടിയും കൂടാതെ സംസ്ഥാന സർക്കാരുകൾ കേസുകൾ പിൻവലിക്കുമെന്നും ചൂണ്ടിക്കാട്ടി. 
കേസുകൾ പിൻവലിക്കാനുള്ള സാധ്യത നിരന്തരം ദുരുപയോഗം ചെയ്യുകയാണെന്നും ഇക്കാര്യത്തിൽ മാർഗരേഖ നൽകണമെന്നും അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ അഭ്യർഥിച്ചെങ്കിലും തൽക്കാലം നിർദേശങ്ങൾ നൽകുന്നില്ലെന്ന് കോടതി വിശദീകരിച്ചു.

Leave a Reply