Spread the love
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു,ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിൻവലിക്കാനാണ് നീക്കം.

കൊവിഡ് കേസുകള്‍ കുതിച്ചുയർന്ന രണ്ടുവർഷത്തിനിടെ ഏഴു ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയത്. കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസുകളെടുത്തത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000രൂപവരെ പിഴ പൊലീസ് ഈടാക്കി. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴയും ഈടാക്കി. 

ഇതനുസരിച്ച് കേസുകള്‍ പിൻവലിക്കാനുള്ള നടപടികള്‍ ആരംഭിക്കാൻ ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഓരോ കേസും പരിശോധിച്ച് പിൻവലിക്കാവുന്ന കേസുകളുടെ വിവരം നൽകാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. നിയന്ത്രണം ലംഘിച്ച് കടകൾ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും, പൊതു ചടങ്ങുകളും ജാഥയും നടത്തിയതും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമ സംഭവങ്ങള്‍ നടന്നുതുമടക്കം ഗൗരവമേറിയ കേസുകള്‍ പിൻവലിക്കില്ല. പെറ്റിക്കേസുകളാകും പിൻവലിക്കുക. കേസ് പിൻവലിക്കുന്നതിൽ അന്തിമതീരുമാനമെടുക്കാൻ ഈ മാസം 29ന് ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ഡിജിപി എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരിൽ നിന്നും 35 കോടിലധികം രൂപയാണ് പിഴ സർക്കാർ ഖജനാവിലേക്കെത്തിയത്. ഇനിയും പിഴ ചുമത്തിയവരിൽ പലരും അടച്ചില്ല. ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള്‍ പിൻവലിക്കാൻ സർക്കാരിൻെറ തീരുമാനം.

Leave a Reply