കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചക്കുഞ്ഞുങ്ങളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ്.
തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രന്‍ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് വാതില്‍പ്പടിയില്‍ രണ്ട് പൂച്ചകളുടെ ജഡം കണ്ടത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തന്റെ മക്കള്‍ നിലവിളിച്ചെന്നും ചന്ദ്രന്‍ പറഞ്ഞു.
ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.