തിരുവനന്തപുരം∙ സോളർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ച കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോർട്ട് അംഗീകരിച്ചത്. ഉമ്മൻ ചാണ്ടിയ്ക്കെതിരായ ആരോപണങ്ങൾക്കു തെളിവില്ല എന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.ഇതേ കേസിൽ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് അന്വേഷണം നടത്തിയത്. എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.