Spread the love

തിരുവനന്തപുരം∙ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നു കെ.കെ.രമ നിയമസഭയില്‍. ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കെ.കെ.രമ. ”താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വയോധികനായ ഒരു മുന്‍മുഖ്യമന്ത്രിയെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതു മുതല്‍ വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതും സിബിഐ അന്വേഷണം വരെ എത്തിച്ചതും ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാറിന്റെ കാര്‍മികത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും വ്യക്തമാകുകയാണ്. നന്ദകുമാറും മുഖ്യമന്ത്രിയും പരാതിക്കാരിയും ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

പത്തു കോടി രൂപ വാഗ്ദാനം നല്‍കി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കാന്‍ സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടുവെന്ന് പരാതിക്കാരി പറഞ്ഞതു നമുക്കു മുന്നിലുള്ളതാണ്. പണം നല്‍കി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേടാണ്. നിങ്ങള്‍ എങ്ങനെയാണ് ഇടതുപക്ഷമാകുന്നത്. എങ്ങനെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന ഈ കേസില്‍ സിബിഐയെ കൊണ്ടുതന്നെ ഗൂഢാലോചന അന്വേഷിപ്പിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം.വ്യക്തിഹത്യക്കു മൗനാനുവാദം നല്‍കിയ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടു മാപ്പു പറയണം. ആരോപണം ഉന്നയിച്ച സ്ത്രീ കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണ്. ഇവരെയും നിയമനടപടിക്കു വിധേയമാക്കണം.” – എംഎല്‍എ രമ പറഞ്ഞു.

Leave a Reply