വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് പിടികൂടിയ പ്രതികള്‍ തന്നെയാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ തന്നെയെന്നുമാണ് സിബിഐ കണ്ടെത്തല്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാളയാറില്‍ മരിച്ച ഒന്നാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വി. മധു, ഷിബു, എം. മധു എന്നിവരാണ് പ്രതികള്‍. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വി. മധുവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പ്രതികളെന്നാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല സിബിഐ റിപ്പോര്‍ട്ടെന്ന് വാളയാര്‍ സമര സമിതി നേതാവ് സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ‘ഒന്നുകില്‍ സിബിഐ ഗൗരവമല്ലാത്ത അന്വേഷണമാണ് നടത്തിയത്. അല്ലെങ്കില്‍ ആദ്യമേ സംശയിക്കുന്നത് പോലെ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടാകും എന്നാണ് പറയാനുള്ളത്. കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയിലേക്ക് പോകും’. കേസുമായി ബന്ധപ്പെട്ട് സിബിഐക്ക് നല്‍കിയ ലീഡ്‌സ് പരിഗണിച്ചില്ലെന്നും സി ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.
കേസന്വേഷണത്തില്‍ പൊലീസ് ചെയ്ത തെറ്റ് തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ശരിയായി നടന്നിരുന്നെങ്കില്‍ കൊലപാതകമാണെന്ന് തെളിയുമായിരുന്നെന്നും അമ്മ പ്രതികരിച്ചു.