യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് നാട്ടുകാർ. സിദ്ദിഖിന്റെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടത്തിയത്. അറസ്റ്റ് താത്കാലികമായി തടഞ്ഞതിൽ സന്തോഷമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
അതേസമയം, സുപ്രീം കോടതിയുടെ ഉത്തരവ് ഇടക്കാല ആശ്വാസമാണെന്ന് സിദ്ദിഖിന്റെ മകൻ ഷഹീൻ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഷഹീൻ അറിയിച്ചു. ”രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഇതൊരു വലിയ ആശ്വാസമായി കാണാൻ സാധിക്കില്ല. എങ്കിലും താത്കാലികമായി അറസ്റ്റ് തടഞ്ഞതിൽ സന്തോഷമുണ്ട്.”- ഷഹീൻ പറഞ്ഞു.