Spread the love

ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം


തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നെങ്കിലും ഒരു വർഷമായി നടപടിയാകാതെ കിടന്ന ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവ് ഇനി സംസ്ഥാനത്തിനു പുറത്തിറക്കാം. പദ്ധതി പ്രകാരം, സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ബന്ധപ്പെടുത്തിയാവും പദ്ധതി.
ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫിസിൽ പോകേണ്ടിവരില്ല. ഉത്തരവിറങ്ങി നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യുന്നതിനു റവന്യു പോർട്ടലിൽ നിശ്ചിത അവസരവും കാലയളവും ഭൂവുടമയ്ക്കു ലഭിക്കും.കഴിഞ്ഞ വർഷം റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷേ, ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏതു കാര്യത്തിലും ആധാർ ലിങ്ക് ചെയ്യാൻ സാധിക്കൂ. ഇതിൽ തട്ടിയാണ് ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്നു മന്ത്രി കെ.രാജൻ ലാൻഡ് റവന്യു കമ്മിഷണർക്കു നിർദേശം നൽകിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ കമ്മിഷണർ കേന്ദ്രത്തിനോടു പ്രത്യേക അനുമതി തേടി.
സാമൂഹിക ക്ഷേമത്തിനും സൽഭരണത്തിനും വേണ്ടിയാണു ഭൂമി രേഖകളുമായി ആധാർ ലിങ്ക് ചെയ്യുന്നതെന്നു കമ്മിഷണർ കത്തിൽ വ്യക്തമാക്കി. ഇതോടെയാണ് അനുമതി ലഭിച്ചത്. തണ്ടപ്പേരിനെ സൂചിപ്പിക്കുന്ന 12 അക്ക തിരിച്ചറിയൽ നമ്പർ വരും. ഇപ്പോൾ സംസ്ഥാനത്ത് ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. 
നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970 ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഇളവു ലഭിച്ച തോട്ടം ഉടമകൾക്ക് ഇതു ബാധകമല്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാകും വില്ലേജ് ഓഫിസുകളിൽ സൂക്ഷിക്കുക.

Leave a Reply