പെഗസസ് വിഷയത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം.
ന്യൂഡൽഹി ∙ പെഗസസ് ഫോൺചോർത്തൽ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രം.
സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും ഫോൺചോർത്തലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളുടെ സാധുതയും കേന്ദ്രം ചോദ്യം ചെയ്തു. ഹർജിക്കാരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് ഐടി മന്ത്രാലയം സത്യവാങ്മൂലം നൽകിയത്. അതേസമയം, ഫോൺചോർത്തലിനു സർക്കാർ പെഗസസ് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. ഇക്കാര്യം ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് പ്രത്യേകം ചൂണ്ടിക്കാട്ടി.
കേസിലെ ഹർജിക്കാരായ മുതിർന്ന മാധ്യമപ്രവർത്തകർ എൻ. റാം, ശശികുമാർ എന്നിവർക്കായി ഹാജരായ കപിൽ സിബലും ഈ വിഷയം ഉന്നയിച്ചു. സമിതിയെ നിയോഗിക്കുമെന്ന വാദത്തെ കപിൽ സിബൽ എതിർത്തു. പെഗസസ് നേരിട്ടുപയോഗിക്കുകയോ ഏജൻസികളെ വച്ച് ഉപയോഗിക്കുകയോ ചെയ്ത സർക്കാർ തന്നെ ഇതെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പെഗസസ് ഉപയോഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകിയാൽ ഹർജികൾ പിൻവലിക്കുമോ എന്നായിരുന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ചോദ്യം. ഇത്ര ഗൗരവമേറിയ വിഷയത്തിലെ മറുപടി കേന്ദ്രം 2 പേജിലൊതുക്കിയതും ചർച്ചയായി. ഹർജിയിൽ ഇന്നും വാദം തുടരു.എന്നാൽ,വിഷയം സാങ്കേതികമായതിനാൽ വിദഗ്ധ സമിതി പരിശോധിക്കേണ്ടതാണ്. നിഷ്പക്ഷരായ വിഷയ വിദഗ്ധരെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.