ന്യൂഡൽഹി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യറാക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും പ്ലേ സ്റ്റോറുകളിൽ നിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് നിർദേശം നൽകിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാർക്കുമിടയിൽ ഇടനില നിൽക്കാൻ മാത്രമാണ് ലോൺ ആപ്പുകൾക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടികയാകും റിസർവ് ബാങ്ക് തയ്യാറാക്കുക. സ്വന്തം നിലയ്‌ക്ക് പണം നൽകുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കുകയും നടപടി സ്വീകരിക്കുകും ചെയ്യും. ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ ആപ്പുകൾക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.