Spread the love

കേന്ദ്ര സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക്; പദ്ധതിയുമായി ധനമന്ത്രി.ലക്ഷ്യം 6 ലക്ഷം കോടി.


ന്യൂഡൽഹി : കേന്ദ്ര സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത് 4 വർഷത്തിനുള്ളിൽ 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ ‘ദേശീയ ധനസമ്പാദന പദ്ധതി’ (നാഷനൽ മൊണെറ്റൈസേഷൻ പൈപ്‍ലൈൻ) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ സ്വകാര്യപങ്കാളിത്തം ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ട്.ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികൾ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്കാകും സ്വകാര്യസ്ഥാപനങ്ങൾക്കു നൽകുക. കാലാവധി കഴിയുമ്പോൾ തിരികെ നൽകണം. ഇക്കൊല്ലം 88,000 കോടി രൂപ ലക്ഷ്യമിടുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ സ്വകാര്യ പങ്കാളിത്തം 2023 ലാകും പരിഗണിക്കുക. 562 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്.
റോഡ്, റെയിൽ, ഊർജം ഉൾപ്പെടെ 13 മേഖലകളിലെ ആസ്തികളാകും തുറന്നുകൊടുക്കുകയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ടോൾ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി ടവറുകൾ എന്നിവയ്ക്കാണ് ഊന്നൽ.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ എന്നിവയുടെ 210 ലക്ഷം ടൺ സംഭരണശേഷിയുള്ള വെയർഹൗസുകളും ഡൽഹി ജവാഹർലാൽ നെഹ്‍റു സ്റ്റേഡിയവും വിട്ടുകൊടുക്കും. കൽക്കരി മന്ത്രാലയത്തിനു കീഴിലുള്ള 160 പദ്ധതികളിൽ സ്വകാര്യപങ്കാളിത്തം വരും. പൊതു–സ്വകാര്യ പങ്കാളിത്തമുള്ള പിപിപി മോഡൽ അടക്കം ഓരോ മേഖലയ്ക്കും യോജിച്ച ധനസമ്പാദന രീതിയാകും തിരഞ്ഞെടുക്കുക.
എന്നാൽ,കേരളത്തിലെ റോഡുകള്‍ സ്വകാര്യമാക്കില്ല.90 ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് നൽകും.‘ദേശീയ ധനസമ്പാദന പദ്ധതി’ പ്രകാരം ഓരോ മന്ത്രാലയത്തിനും നിശ്ചിത ടാർഗറ്റ് ഉണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഉദാഹരണത്തിന് റെയിൽ മേഖലയിൽ 400 സ്റ്റേഷനുകളും 90 യാത്രാ ട്രെയിനുകളുമാണ് ടാർഗറ്റായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഓരോ വർഷവും വിലയിരുത്തും.
മന്ത്രാലയങ്ങളുമായി ചർച്ച നടത്തി നിതി ആയോഗാണ് മാർഗരേഖ തയാറാക്കിയത്. നിലവിൽ കേന്ദ്രസ്ഥാപനങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾക്കായും സമാന പദ്ധതികൾ സംബന്ധിച്ച് തീരുമാനങ്ങൾ ഉടൻ ഉണ്ടാകും.

Leave a Reply