Spread the love
പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കാറില്‍ യാത്രചെയ്യുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ഇന്നത്തെ കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ തുടര്‍ച്ചയായി അലാം അടിക്കും. പലരും ഇത് ഒഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ക്ലിപ്പിനുള്ളില്‍ ഒരു ചെറിയ ഉപകരണം തിരുകി വെക്കാറുണ്ട്. ഇത്തരം ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

54 കാരനായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്തത് പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയാണ്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ഡോളെയാണു കാര്‍ ഓടിച്ചിരുന്നത്. അവരും മുന്‍ സീറ്റില്‍ ഇരുന്ന ഭര്‍ത്താവ് ഡാരിയസ് പണ്ഡോളയും സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ ദിന്‍ഷാ പണ്ഡോളെയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തില്‍ നിയന്ത്രണം വിട്ട് മുംബൈ അഹമ്മദാബാദ് ഹൈവേയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുമ്പോള്‍ കാറിന്റെ വേഗത 130 കിലോമീറ്ററില്‍ കൂടുതലായിരുന്നു. ഇവിടെ വാഹനങ്ങളുടെ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റര്‍ മാത്രമാണ്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു തെറിച്ച സൈറസ് മിസ്ത്രിയുടെ നെഞ്ചും തലയും മുന്‍സീറ്റില്‍ ഇടിച്ചു. ഈ ആഘാതമാണ് മരണകാരണമായത്.

Leave a Reply