ന്യൂഡല്‍ഹി:
രാജ്യത്ത് കൂടുതല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
ഒന്‍പതിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ നിര്‍ത്തലാക്കുമെന്നാണ് ഉത്തരവിലുള്ളത്. സ്വന്തം പേരില്‍ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ അധിക സിമ്മുകള്‍ മടക്കി നല്‍കണമെന്ന് നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒന്‍പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്. അധികമായുള്ള സിം കാര്‍ഡുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ നേരിട്ട് അറിയിക്കാനാണ് ടെലികോം മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം സിമ്മുകള്‍ റദ്ദാക്കാനാണ് നിര്‍ദ്ദേശം.
ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികള്‍ക്ക് ഉണ്ടാവൂ. എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാര്‍ഡുകള്‍ സാധാരണഗതിയില്‍ റദ്ദാക്കുകയാണ് പതിവ്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ശല്യപ്പെടുത്തുന്ന കോളുകള്‍, ഓട്ടമേറ്റഡ് കോളുകള്‍, വഞ്ചനാപരമായ പ്രവര്‍ത്തികള്‍ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധിക സിമ്മുകള്‍ റദ്ദാക്കുന്നത്. ഒരാളുടെ പേരില്‍ തന്നെ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളവരുടെ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഉപയോക്താക്കള്‍ക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കണക്ഷന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്നും അറിയിപ്പിലുണ്ട്. വരിക്കാരന്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കണക്ഷന്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ശേഷിക്കുന്ന നമ്പറുകളുടെ ഔട്ട്‌ഗോയിങ് സേവനങ്ങളും ഡേറ്റാ സൗകര്യങ്ങളും 30 ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
45 ദിവസത്തിനുള്ളില്‍ ഇന്‍കമിങ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തും. എന്നാല്‍, ഇതിനു ശേഷം റീ-വെരിഫിക്കേഷനായി വരിക്കാരന്‍ എത്തിയില്ലെങ്കില്‍ ഫ്ളാഗ് ചെയ്ത നമ്പര്‍ 60 ദിവസത്തിനുള്ളില്‍ റദ്ദാക്കും. വിദേശത്തോ, ശാരീരിക വൈകല്യമോ, ചികില്‍സയിലോ ഉള്ള ഒരു വരിക്കാരന്റെ കാര്യത്തില്‍ 30 ദിവസം അധിക സമയം നല്‍കുമെന്നും ഉത്തരവിലുണ്ട്.